രാജ്യ താത്പ്പര്യമല്ല, നെതന്യാഹുവിന് പ്രധാനം സ്വന്തം താത്പ്പര്യം; ഇസ്രായേലിൽ പ്രതിഷേധം

By: 600007 On: Nov 6, 2024, 8:31 AM

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ജനങ്ങളുടെ പ്രതിഷേധം. പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിനെതിരെ ഇസ്രായേലിലെ ജനങ്ങൾ തന്നെ രം​ഗത്തിറങ്ങിയത്. ഒരേ സമയം ഒന്നിലധികം മുന്നണികളിൽ പോരാട്ടം തുടരുന്നതിനിടെയാണ് നെതന്യാഹു പ്രതിരോധ മന്ത്രിയെ മാറ്റിയത്. 

ഹിസ്ബുല്ലയ്ക്കെതിരെയും ഹമാസിനെതിരെയും നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പരിചയസമ്പന്നനും മുൻ ജനറലുമായിരുന്ന യോവ് ഗാലന്റ്. ഹിസ്ബുല്ലയിൽ നിന്ന് നിരന്തരമായി ഭീഷണി ഉയരുന്ന സാഹചര്യത്തിൽ യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് നീക്കിയതാണ് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. ഇസ്രായേലിന്റെ സുരക്ഷ അപകടകരമായ രീതിയിൽ തുടരുന്നതിനിടെയായിരുന്നു ഏവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള നെതന്യാഹുവിന്റെ തീരുമാനം എത്തിയത്. ഇതോടെ ജനങ്ങൾ വ്യാപക പ്രതിഷേധവുമായി തെരുവിലിറങ്ങി. 

ആയിരക്കണക്കിന് പ്രതിഷേധക്കാർ സെൻട്രൽ ടെൽ അവീവിലും മറ്റ് നഗരങ്ങളിലും തടിച്ചുകൂടി. ടെൽ അവീവിൽ പ്രതിഷേധക്കാർ റോഡ് തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ താത്പ്പര്യം സംരക്ഷിക്കേണ്ടതിന് പകരം നെതന്യാഹു സ്വന്തം താത്പ്പര്യത്തിന് പ്രാധാന്യം നൽകുന്നു എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം